സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശ ലോറന്‍സിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ലോറന്‍സിന്റെ മകന്‍ സജീവനടക്കം മൃതദേഹം വൈദ്യപഠനത്തിന് കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ലോറന്‍സ് മരണത്തിന് മുമ്പ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും മകന്‍ കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം.
സെപ്റ്റംബര്‍ 21നാണ് എംഎം ലോറന്‍സ് അന്തരിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ മകനും സിപിഎമ്മും തീരുമാനിച്ചിരുന്നു. എന്നാല്‍ പൊതുദര്‍ശനം നടക്കുന്നതിനിടയില്‍ നാടകീയമായി എത്തിയാണ് മകള്‍ ആശ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടത്. ഇതോടെ പൊതുദര്‍ശന സമയത്ത് സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.