കൊച്ചി: അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മൊഴിയെടുക്കലിന് വിജിലൻസിന് മുമ്പിൽ ഹാജരായ ശേഷം സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. വിജിലൻസിന്റെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി നൽകി. അന്വേഷണവുമായി സഹകരിക്കും. എല്ലാ നിലയ്ക്കുമുള്ള അന്വേഷണം നടക്കട്ടെ, സന്തോഷമുണ്ട്. ഇനിയും ഹാജരാകാൻ ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ആധാരത്തിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഭൂമി തൻറെ കൈവശമുണ്ടോ എന്ന് അറിയില്ല. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിനുശേഷം ഇതുവരെ അളന്നു നോക്കിയിട്ടില്ല. അളന്നു നോക്കി കൂടുതലുണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറാണെന്നും ഇക്കാര്യം വിജിലൻസിനെ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് തനിക്കെതിരെ അന്വേഷണം വന്നത്. പിണറായിക്ക് മുന്നിൽ സിപിഐഎം കീഴടങ്ങിയെന്നും മാത്യു കുഴൽനാടൻ നേരത്തെ പ്രതികരിച്ചിരുന്നു.