India
ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 7 വയസുകാരന്‍ 30 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി
ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 7 വയസുകാരന്‍ 30 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിക്ക് സമീപത്തുള്ള സാഹിബാബാദില്‍ താമസിക്കുന്ന സമയത്ത് 1993 സെപ്തംബര്‍ 8നാണ് കാണാതാകുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.
സഹോദരിക്കൊപ്പം നടന്ന് പോകുന്ന സമയത്താണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും പിന്നീട് അവര്‍ രാജസ്ഥാനിലേയ്ക്ക് കൊണ്ടു പോവുകയും ഇത്രയും വര്‍ഷം അവിടെയാണ് താമസിച്ചതെന്നും തിരികെ വന്ന രാജു പറയുന്നു. തട്ടിക്കൊണ്ടു പോയ സംഘം സ്ഥിരം മര്‍ദിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഒരു റൊട്ടി മാത്രമാണ് ഭക്ഷണമായി നല്‍കിയിരുന്നതെന്നും രാജു പറഞ്ഞു. മാത്രമല്ല, രക്ഷപ്പെടാതിരിക്കാന്‍ രാത്രിയില്‍ കെട്ടിയിടുകയും ചെയ്യും. ഒടുവില്‍ അവരില്‍ നിന്ന് രക്ഷപ്പെട്ടോടി ഡല്‍ഹിയിലേയ്ക്കുള്ള ഒരു ട്രക്കില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ സ്വദേശവും മാതാപിതാക്കളുടെ പേരും മറന്നു പോയ രാജു പല പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങിയെങ്കിലും സഹായം ലഭിച്ചില്ല.
ഒടുവില്‍ അഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ഗാസിയാബാദിലെ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ രാജുവിന് ഭക്ഷണവും വെള്ളവും നല്‍കി. സോഷ്യല്‍ മീഡിയയില്‍ രാജുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചു. പരസ്യം കണ്ട രാജുവിന്റെ അമ്മാവനാണ് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കുടുംബം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും രാജുവിനെ സ്വീകരിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.