കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് വലിയ നാശനഷ്ടം. മേപ്പയ്യൂർ നരക്കോട് കല്ലങ്കി കുങ്കച്ചൻകണ്ടി നാരായണൻ്റെ വീട്ടിലും പാലേരിയിൽ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മൽ സദാനന്ദൻ്റെ വീട്ടിലുമാണ് ഇടിമിന്നൽ ഉണ്ടായതിനെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല.
സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന സദാനന്ദനും സുഹൃത്തും എഴുന്നേറ്റ ഉടനെയാണ് വീട്ടിലെ തൂണിന് താഴെയായി മിന്നലേറ്റത്. തൂണിൻ്റെ അടിഭാഗത്തെ ടൈലുകൾ ചിതറിത്തെറിച്ചു. വയറിങ് പൂർണ്ണമായും കത്തി നശിച്ചു. വീട്ടിലെ അക്വോറിയം പൊട്ടിത്തെറിക്കുകയും ചെയ്തു. ഇടിമിന്നലിനെ തുടർന്ന് നാരായണൻ്റെ വീടിന്റെ ജനൽ പാളികൾ പൊട്ടിത്തകർന്നു. വീടിന്റെ ചുമരിൽ വിള്ളലേറ്റിട്ടുണ്ട്. വൈദ്യുതി ഉപകരണവും വയറിങ്ങും നശിച്ചുപോവുകയും ചെയ്തു.