Kerala
എംജി യൂണിവേഴ്സിറ്റിയിലെ സർട്ടിഫിക്കറ്റ് മോഷണം; സർവകലാശാലാ ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി-പിജി സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചത് സർട്ടിഫിക്കറ്റ് മാഫിയയെന്ന പോലീസ്. പേരെഴുതാത്ത സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയിൽ നിന്ന് മുൻപ് മോഷണം പോയതായി കണ്ടെത്തിയിരുന്നത്. സംഭവത്തിൽ സർവകലാശാല ഉദ്യോഗസ്ഥർക്കുള്ള പങ്കിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുകയാണ് ഗാന്ധിനഗർ പോലീസ്.
എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷാഭവനിൽനിന്നു വിദ്യാർഥികളുടെ പേരും മറ്റു വിവരങ്ങളുമെഴുതാത്ത 154 ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ കാണാതായ വിവരം 2023 ജൂണിലാണു പുറംലോകമറിയുന്നതും വാർത്തയാകുന്നതും. തുടർന്ന് സർവകലാശാല പൊലീസിൽ പരാതി നൽകിയെങ്കിലും 54 സർട്ടിഫിക്കറ്റുകൾ മാത്രമാണ് മോഷണം പോയിരിക്കുന്നത് എന്നതാണ് പരാതി.
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. മോഷണം പോയ എബി 162328 മുതൽ എബി 162381 വരെ സീരിയൽ നമ്പറുകളിലുള്ള 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സർവകലാശാല അസാധുവാക്കിയിരുന്നു. കാണാതായ സർട്ടിഫിക്കറ്റുകളെപ്പറ്റിയുള്ള വിവരം കണ്ടെത്തിയ ഉദ്യോഗസ്ഥനെയും മറ്റൊരു ജീവനക്കാരനെയും മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം രൂക്ഷമായതോടെ ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തിരുന്നു.