Kottayam

ലഹരി വിൽപ്പനയ്ക്കെതിരെ കർശന നടപടിയുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്

പാലാ:പൈക : അനധികൃതമായി ലഹരിവസ്തുക്കൾ വിൽപ്പന നടത്തി വന്നിരുന്ന കടകൾക്കെതിരെ കർശന നടപടികളുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്. നിരവധി കടകളാണ് ഇന്നു നടത്തിയ പരിശോധനയെ തുടർന്ന് അടപ്പിച്ചത്. നേരത്തെ വിളക്കുമാടം സെന്റ്.ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൈക വിളക്കുമാടം റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയിരുന്ന ലഹരി വിൽപ്പന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ നേതൃത്വത്തിൽ അടപ്പിച്ചിരുന്നു.

ഇതേ തുടർന്ന് ഇന്നലെ കുടുംബശ്രീ സി.ഡി. എസ് ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന കോർഡിനേഷൻ കമ്മറ്റിയിൽ എക്സൈസും പോലീസും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റും ചേർന്ന് എടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് ഇന്ന് മീനച്ചിൽ പഞ്ചായത്തിലെ കടകളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന നടന്നത്. നിരോധിത പുകയില വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് കടകളടപ്പിക്കുകയായിരുന്നു.

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന അമിതമായ ലഹരി വിൽപ്പന ഇല്ലായ്മ ചെയ്യുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം പൊതു സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ ലഹരി വിൽപ്പന തടയുന്നതിനു വേണ്ട കർമ്മ പദ്ധതികൾക്കു രൂപം കൊടുത്തു വരികയാണെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top