മന്ത്രി എം.ബി.രാജേഷിനെതിരെ ഏരിയ കമ്മിറ്റി അംഗത്തിന്റെ തെറിവിളിയും ഭീഷണിയും. തിരുവനന്തപുരം സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിലാണ് മന്ത്രിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്.
‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂർ ബാബു മന്ത്രിക്ക് എതിരെ തിരിഞ്ഞത്. ഇതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി വി.ജോയ് ബാബുവിനെ ശാസിച്ചിരുത്തി. വിമർശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദേശമാണ് ബാബുവിന് നല്‍കിയത്.
കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ മകള്‍ ഗായത്രി ബാബുവുമൊത്ത് മന്ത്രിയെ കാണാൻ എത്തിയപ്പോള്‍ തിക്താനുഭവമുണ്ടായി. തന്റെ വാക്കുകൾക്ക് മന്ത്രി ചെവി കൊടുത്തില്ലെന്നും ഇറങ്ങിപ്പോകാൻ പറയുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നും ബാബു ആരോപിച്ചു. അച്ഛനും മകളുമായി മന്ത്രിയെ കാണാൻ പോകുന്നതു പാർട്ടി രീതിയല്ലെന്ന് പറഞ്ഞു ജോയ് തിരുത്തി.