Kerala

മേയർ ഡ്രൈവർ തർക്കം: സാഹചര്യ തെളിവുകൾ തേടി പൊലീസ്; സംഭവം പുനരാവിഷ്കരിച്ച് പരിശോധന

Posted on

തിരുവനന്തപുരം: മേയർ ഡ്രൈവർ തർക്കത്തിൽ സാഹചര്യ തെളിവുകൾ തേടി പൊലീസ്. ഇതിനായി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. ബസ്സും കാറും ഓടിച്ച് പോലീസ് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ മുന്നിൽ പോകുന്ന വാഹനത്തിലെ യാത്രക്കാർക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് പരിശോധന. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് സംഭവം പുനരാവിഷ്കരിക്കുന്ന പരിശോധന നടന്നത്.

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നേരത്തെ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മേയർ നേരിട്ടെത്തി മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നൽകിയത്.

ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസി ബസ് തടഞ്ഞതും ഡ്രൈവറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതെന്നും മേയർ ആര്യാ രാജേന്ദ്രൻ സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. ‘പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിറകില്‍ ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈവിധം പെരുമാറിയപ്പോള്‍ ആശങ്കപ്പെട്ടുപോയി. തുടര്‍ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാ’യിരുന്നു ആര്യാ രാജേന്ദ്രൻ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version