തിരുവനന്തപുരം: രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ദൂരുഹത നീക്കാനാവാതെ പൊലീസ്. ബ്രഹ്മോസിൻ്റെ പുറക് വശത്തെ കാടുകയറിയ പ്രദേശത്തെ ഓടയിൽ എങ്ങനെ കുഞ്ഞ് എത്തി എന്നതിൽ വ്യക്തത വരുത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിവിധയിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നിർണായകമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പൊലീസ് പറത്തിയ ഡ്രോണിൽ പതിഞ്ഞ നിർണായ ദൃശ്യങ്ങളാണ് കുഞ്ഞിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. എന്നാൽ സ്ഥലത്തെ റെയിൽ പാളത്തിന് അരികിലുള്ള ഓടയിലേക്ക് കുഞ്ഞ് എങ്ങനെ എത്തി എന്നതിലേക്ക് എത്താവുന്ന ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതിൽ ഇനിയും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ദുരൂഹ സാഹചര്യത്തിൽ ഒരു വാഹനം പോലും കണ്ടെത്താനായിട്ടില്ല.
മഞ്ഞ സ്കൂട്ടർ ചിത്രത്തിലെ ഇല്ല എന്ന നിഗമനത്തിലാണ് പൊലീസ്. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കിൽ ഒരു പകൽ മുഴുവൻ കുഞ്ഞിനെ ഒളിപ്പിച്ചതെവിടെയെന്നതിനും ഉത്തരം കണ്ടെത്താനായില്ല. തട്ടിക്കൊണ്ടു പോയതിൻ്റെയോ തിരികെ കൊണ്ടുവന്നതിന്റെയോ ഒരു സൂചനയും ഇല്ല. കുട്ടിയെ മാറ്റിയതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ, തട്ടിക്കൊണ്ടു പോകൽ നാടകമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളും പല കോണുകളിൽ നിന്നും ഉയരുകയാണ്. കേസിൽ ഇനി കുഞ്ഞിന്റെ മൊഴിയാണ് നിർണായകം എന്ന പ്രതീക്ഷയിലാണ് പൊലീസും.