Kerala

ഡ്രോണില്‍ പതിഞ്ഞ ദൃശ്യം നിര്‍ണായകമായി; ഓടയില്‍ കുഞ്ഞുണ്ടെന്ന് പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

Posted on

തിരുവനന്തപുരം: പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തിയത് പൊലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍. ഡ്രോണ്‍ പരിശോധന നിര്‍ണായകമായി മാറി. കുട്ടിയെ കണ്ടെത്തിയത് ബ്രഹ്‌മോസിന് 1.25 കിലോമീറ്റര്‍ അകലെ ഉള്ള ഓടയില്‍ നിന്നാണ്. 1.5 മീറ്റര്‍ ആഴമുള്ള ഓടയിലാണ് കുട്ടി ഉണ്ടായിരുന്നത്. ഡ്രോണില്‍ പതിഞ്ഞ ദൃശ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മണ്ണന്തല പൊലീസ് നേരിട്ട് എത്തി പരിശോധന നടത്തുകയായിരുന്നു. ഓടയില്‍ വെള്ളം ഉണ്ടായിരുന്നില്ല. രാത്രി 7.20ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഓടക്ക് സമീപം വലിയ ഉയരത്തില്‍ കാട് വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് കുട്ടി തനിച്ച് അവിടെ വരെ നടന്ന് പോവില്ലെന്നാണ് പൊലീസിന്റെ അനുമാനം. കുട്ടിയെ തട്ടിക്കൊണ്ടു പോയതാവാം എന്ന സംശയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്. തട്ടി കൊണ്ട് പോയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടിയുടെ സഹോദരന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. നിലവില്‍ കുട്ടി എസ്എടി ആശുപത്രിയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉപദ്രവമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല. ശാരീരിക ഉപദ്രവം നേരിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ബിഹാര്‍ ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ട ഓള്‍ സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതാവുകയായിരുന്നു. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്നാണ് സഹോദരന്‍ മൊഴി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version