മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി സഭയില്‍ ചേരിപ്പോരും പൊട്ടിത്തെറിയും. സതീശനെ പ്രാസംഗികനായി ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 9 മുതല്‍ 16 വരെയാണ് പമ്പാ മണല്‍പ്പുറത്ത് പ്രസിദ്ധമായ മാരാമണ്‍ കണ്വെന്ഷന് നടക്കുന്നത്.
കണ്‍വെന്‍ഷനോടനുബന്ധിച്ച് സഭയുടെ യുവജന സംഘടനയായ യുവജനസഖ്യം ഫെബ്രുവരി 15 ശനിയാഴ്ച നടത്തുന്ന യുവവേദിയില്‍ പ്രസംഗിക്കാനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാന വാരത്തിലാണ് യുവജനസഖ്യം സെക്രട്ടറി റവ. ബിനോയ് ദാനിയേല്‍ പ്രതിപക്ഷ നേതാവിനെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഇക്കാര്യം സഖ്യത്തിന്റെ പ്രസിഡന്റായ ബിഷപ്പ് ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും സ്ഥിരീകരിക്കുന്നുണ്ട്.
സതീശന് യോഗത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ക്ഷണക്കത്ത് പിന്നാലെ അയക്കുമെന്ന് ബിനോയ് ദാനിയേല്‍ അറിയിച്ചതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി.