India
മനുസ്മൃതിയോടൊപ്പം അംബേദ്കറുടെ ചിത്രം കീറി എൻസിപി നേതാവ്; പിന്നീട് പരസ്യമായി മാപ്പ്
മുംബൈ: മനുസ്മൃതിയോടൊപ്പം ഡോ ബാബാസാഹെബ് അംബേദ്കറുടെ ചിത്രം കീറി എൻസിപി നേതാവ് ജിതേന്ദ്ര ഔഹാദ്. പാഠ്യപദ്ധതിയിൽ സർക്കാർ മനുസ്മൃതി ഉൾപ്പെടുത്തുന്നതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിലാണ് ജിതേന്ദ്ര മനുസ്മൃതിയോടൊപ്പം അംബേദ്കറുടെ ചിത്രവും കീറിയത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ജിതേന്ദ്ര രംഗത്തെത്തി. എക്സിലൂടെയായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.
സ്കൂൾ പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ താത്പര്യത്തെ എതിർത്ത് മഹാദിലെ ക്രാന്തിയിൽ ഞങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ചാണ് ഞങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ ഇതിനിടയിൽ അറിയാതെ ഒരു വലിയ തെറ്റ് ചെയ്തു. ചില പ്രവർത്തകർ കൊണ്ടുവന്ന പോസ്റ്ററുകളിൽ ഡോ. ബാബാസാഹെബ് അംബേദ്കറുടെ ചിത്രവും ഉണ്ടായിരുന്നു. ഈ പോസ്റ്റർ ഞാൻ അശ്രദ്ധമായി കീറിക്കളഞ്ഞു. സംഭവത്തിൽ ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു.
വർഷങ്ങളായി ഡോ. ബാബാസാഹേബ് അംബേദ്കറുടെ ചിന്തകൾ പിന്തുടരുന്നയാളാണ് ഞാൻ എന്ന് എല്ലാവർക്കും അറിയാം. ഇതുവരെ ഒരു കാര്യത്തിനും ഞാൻ മാപ്പ് പറഞ്ഞിട്ടില്ല. ഞാൻ എപ്പോഴും എൻ്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ മാപ്പ് ചോദിക്കുകയാണ്, കാരണം ഇത് എൻ്റെ പിതാവിനെ അപമാനിക്കുന്നതിന് തുല്യമാണ്. എല്ലാ അംബേദ്കർ സ്നേഹികളും എന്നോട് ക്ഷമിക്കണം.