Kerala

അഭിഭാഷകൻ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്‍സണ്‍ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തി. ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച്‌ ജോണ്‍സണ്‍ മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു. വീഡിയോ ഉപയോഗിച്ച്‌ മനുവിനെ നിരന്തം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. പണം നല്‍കിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെയാണ് വീഡിയോ ച്രരിപ്പിച്ചത്. സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈൻ ചാനലുകള്‍ വഴിയും മനുവിനെ ജോണ്‍സണ്‍ സമ്മർദത്തിലാക്കി.

ഈ മാസം ആദ്യം വീഡിയോ ഫേസ്ബുക്കില്‍ ജോണ്‍സണ്‍ പോസ്റ്റ് ചെയ്തു. മരിക്കുന്നതിന് മുമ്ബ് മനു സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം, മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top