കൊല്ലം: കഴിഞ്ഞ ദിവസം വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ പി ജി മനു കൊല്ലത്തെത്തിയത് ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകാന്‍.

വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂരിനൊപ്പമാണ് മനു പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലം ജില്ലാ കോടതിക്ക് സമീപം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് മനു വാടകയ്ക്ക് വീടെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി മനു എറണാകുളത്തെ വീട്ടില്‍ പോയി വസ്ത്രങ്ങളെടുത്തുവരാന്‍ ജൂനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലത്തെ വീട്ടിലെത്തിയ ജൂനിയര്‍ അഭിഭാഷകനാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൂവാറ്റുപുഴയ്ക്ക് സമീപം മാമലശേരിയിലെ വസതിയിലെത്തിക്കും.

