India

മോദിയെ പിസ്റ്റൾ പരിചയപ്പെടുത്തി മനു; പ്രധാനമന്ത്രിയെ കാണാതെ നീരജ്

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പാരീസ് ഒളിമ്പിക്സിൽ ഒരു വെളളിയും അഞ്ച് വെങ്കലവുമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

“പാരീസ് ഒളിമ്പിക്‌സിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ സംഘവുമായി സംവദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവരുടെ അനുഭവങ്ങൾ കേൾക്കുകയും കായികരംഗത്തെ അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ താരങ്ങളും ചാമ്പ്യന്മാരാണ്. സ്പോർട്സിനെ പിന്തുണയ്ക്കുന്നത് കേന്ദ്ര സർക്കാർ തുടരും. കായിക രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ശ്രദ്ധ പുലർത്തുകയും ചെയ്യും” – പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡൽ നേടിയ മനു ഭാകറായിരുന്നു കൂടിക്കാഴ്ചയിലെ ശ്രദ്ധാകേന്ദ്രം. ഒളിമ്പിക്സിൽ താൻ ഉപയോഗിച്ച പിസ്റ്റൾ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. ഇതിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമും പ്രധാനമന്ത്രിയെ ഇന്ന് സന്ദർശിച്ചു. ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്ര ഒഴികെയുള്ള മെഡൽ ജേതാക്കൾ നരേന്ദ്ര മോദിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.

ഷൂട്ടിംഗിലാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത്. മനു ഭാകര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും സരബ് ജ്യോത് സിംഗിനൊപ്പം മിക്‌സഡ് വിഭാഗത്തിലും വെങ്കലം നേടി ചരിത്രം സൃഷ്ടിച്ചു. സ്വപ്നില്‍ കുശാലെ ഷൂട്ടിംഗ് റേഞ്ചിലെ മൂന്നാം മെഡലും ഇക്കുറി സ്വന്തമാക്കി. അമന്‍ ഷെരാവത്ത് ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കിയപ്പോൾ ഹോക്കി ടീം തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കല നേട്ടം ആവര്‍ത്തിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top