Entertainment
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഫോട്ടോ ഉപയോഗിച്ചു, മനോരമക്കെതിരെ നിയമനടപടിയുമായി മണികണ്ഠന്‍ ആചാരി
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ആളുമാറി നടന്‍ മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ ഉപയോഗിച്ച് മനോരമ. സംഭവത്തില്‍ മനോരമക്കെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് മണികണ്ഠന്‍ ആചാരി. മലയാള മനോരമയുടെ മലപ്പുറം എഡീഷനിലാണ് നടനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ മണികണ്ഠനെ കുറിച്ചുള്ള വാര്‍ത്ത വന്നത്. എന്നാല്‍ ഫോട്ടോ നല്‍കിയത് മണികണ്ഠന്‍ ആചാരിയുടേതായിരുന്നു. മനോരമ എന്റെ വീടിന്റെ ഐശ്വര്യം എന്ന ക്യാപ്ക്ഷനോട് കൂടി മണികണ്ഠന്‍ സമൂഹമാധ്യമത്തില്‍ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തില്‍ മണികണ്ഠന്‍ ആചാരി സമൂഹമാധ്യമത്തിലൂടെ തന്റെ പ്രതികരണം അറിയിച്ചു. ‘ മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല’, എന്നാണ് താരം വീഡിയോയിലൂടെ പറഞ്ഞത്.
‘നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു’വെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.