കൊച്ചി: തീയറ്ററിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെയും മലയാളികളെയും വിമർശിച്ച തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ പ്രതികരിച്ചിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആർഎസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ലെന്നും സതീഷ് പൊതുവാൾ ഫേസ്ബുക്കിൽ കുറിച്ചു.
‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ബ്ലോഗിലാണ് ജയമോഹൻ മലയാളികൾക്ക് നേരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ ‘പൊറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. അതിന് കാരണം അത് കെട്ടുകഥയല്ല എന്നത് തന്നെയാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും സ്ഥലങ്ങളിൽ അതിക്രമിച്ച് കയറാനും വീഴാനുമല്ലാത മറ്റൊന്നും മലയാളികൾക്ക് അറിയില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ അത് അഭിമാനത്തോടെയാണ് സിനിമയില്‍ കാണിക്കുന്നതെന്നും ജയമോഹൻ പറഞ്ഞിരുന്നു.
സതീഷ് പൊതുവാളിന്റെ കുറിപ്പ് ഇങ്ങനെ
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല!പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല.അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത .ജയമോഹനേപ്പോലെ ഒരു ആർ എസ് എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.