Kerala

‘മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി’: ദേശീയ ബാലാവകാശ കമ്മീഷന് കത്ത്

Posted on

തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി.

‘വീടും കുടുംബവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ് പഠനം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ബാലാവകാശ കമ്മീഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പ്രത്യേക സമിതിക്ക് രൂപം നല്‍കേണ്ടത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 12,694 കുടിയിറക്കപ്പെട്ട കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്. ഇവരില്‍ 100 പേര്‍ക്ക് പ്രൊഫഷണല്‍ കൗണ്‍സിലിംഗ് ആവശ്യമാണ്. വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്.’ അതില്ലാതെ ഒരു രാജ്യത്തിനും നിലനില്‍ക്കാനാകില്ല. സര്‍ക്കാരും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

‘1989ല്‍ കുട്ടികളുടെ അവകാശ ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭ രൂപം നല്‍കിയത് പ്രകാരം സുരക്ഷിത ബാല്യത്തിന് ഓരോ രാജ്യവും ഉറപ്പു വരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് സാര്‍വ്വ ലൗകിക അവകാശ ഉടമ്പടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ലോകത്തിലെ പലഭാഗത്തിലെയും കുട്ടികള്‍ക്ക് സന്തോഷകരമായ ബാല്യം ആസ്വദിക്കാന്‍ സാധിക്കുന്നില്ല. ലോക ജനസംഖ്യയുടെ മൂന്നിലൊന്നോളം കുട്ടികളാണ്. മുതിര്‍ന്നവരെ പോലെ തന്നെ എല്ലാ കുട്ടികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടെ ആഫ്രിക്ക, ഏഷ്യ, മധ്യകിഴക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കെതിരായ 2,66,000 ബാലാവകാശ ലംഘനങ്ങളാണ് യു.എന്‍ പരിശോധിച്ചത്. താലിബാന്‍ മേഖലയില്‍ മാത്രം ആയിരക്കണക്കിന് കുട്ടികള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട സാഹചര്യങ്ങളും കമ്മിഷന്‍ കത്തില്‍ ചൂണ്ടികാണിച്ചു. കൂടാതെ റഷ്യ, യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് 7.5 ദശലക്ഷം കുട്ടികളുടെ അവസ്ഥ ദയനീയമാണ്.’ ഈ സാഹചര്യങ്ങളുടെ കൂടി വെളിച്ചത്തിലാണ് മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്താന്‍ ദേശീയ ബാലാവകാശ കമ്മിഷന് കത്ത് അയച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version