മണിപ്പുര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം. മോദിയുടെ മൗനത്തെ കടിച്ചുകുടഞ്ഞായിരുന്നു ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമലിന്റെ പ്രസംഗം.
“മണിപ്പുരിൽ 60,000-ൽ അധികം ആളുകള്‍ ഭവനരഹിതരായി. 200 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആളുകള്‍ ആയുധമെടുക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഒരു വര്‍ഷമായി തുടരുന്ന ദുരന്തത്തില്‍ ഇന്ത്യന്‍ ഭരണകൂടം നിശബ്ദ കാഴ്ചക്കാരാണ്.”
“പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുരിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വാ തുറക്കുകയും മണിപ്പുര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ആ സംസ്ഥാനത്തെ ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും പറയുകയും ചെയ്താൽ ഞാന്‍ നിശബ്ദനാകാം. ഹൃദയത്തില്‍ കൈവെച്ച് അറുപതിനായിരം ഭവനരഹിതരെക്കുറിച്ച് ചിന്തിക്കുക, ഈ പ്രതിസന്ധി കാരണം വിധവകളാകുന്ന സ്ത്രീകളുടെ ജീവിതം ആലോചിക്കുക, എന്നിട്ട് നിങ്ങള്‍ ദേശീയതയെക്കുറിച്ച് സംസാരിക്കൂ.” – കോണ്‍ഗ്രസ് എംപി പറഞ്ഞു.