ഗുവാഹത്തി: സംഘർഷം ഒഴിയാതെ മണിപ്പൂർ. പുതുവത്സരദിനത്തിൽ നാലുപേരാണ് വെടിയേറ്റ് മരിച്ചത്. തൗബാൽ ജില്ലയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അജ്ഞാതരായ ഒരു സംഘം ആളുകൾ കൊള്ളയടിക്കാനെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വെടിവയ്‌പിനു പിന്നാലെ നാട്ടുകാർ അക്രമികളെത്തിയ വാഹനം തീയിട്ടു നശിപ്പിച്ചു. സംഘർഷത്തെത്തുടർന്ന് അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും അടിയന്തര യോഗം വിളിച്ചു. കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ പൊലീസ് സംഘത്തെ സംഘർഷമേഖലയിലേക്ക് അയച്ചു. കുറ്റവാളികളെ പിടിക്കാൻ നാട്ടുകാർ സഹായിക്കണം. നിയമത്തിന് വിധേയമായി നീതി നടപ്പാക്കൻ സർക്കാർ എല്ലാ അധികാരങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പൊലീസ് വാഹനത്തിനുനേരെയും ആക്രമണമുണ്ടായി.