ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സുരക്ഷാസേനയ്ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയുധധാരികള്‍ക്കൊപ്പമുള്ള സെൽഫി വൈറലായതിനെത്തുടർന്ന് ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സുരക്ഷാ സേനയുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയത്. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത പൊലീസുകാരനെ തിരിച്ചെടുക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. പ്രതിഷേധക്കാർ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസ് ഉപരോധിച്ചു. ഒരു ബസും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള മറ്റ് കെട്ടിടങ്ങളും കത്തിച്ചായിരുന്നു വൻ പ്രതിഷേധം.
ഫെബ്രുവരി 14 ന് ആയുധധാരികള്‍ക്കൊപ്പം നിൽക്കുന്ന സെല്‍ഫി വൈറലായതിനെ തുടർന്ന് ചുരാചന്ദ്പൂർ ജില്ലാ പൊലീസിലെ ഹെഡ് കോൺസ്റ്റബിള്‍ സിയാം ലാൽ പോളിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന് ഹെഡ് കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.