ഇംഫാൽ: മണിപ്പൂരിനെ സംഘർഷത്തിലേക്ക് തള്ളിവിട്ട വിവാദ ഭാഗം ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കപ്പെടാൻ കാരണമായ ഉത്തരവിലാണ് ഹൈക്കോടതിയുടെ തിരുത്ത്. 2023 മാർച്ച് 27 ന് ആയിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒടുവിൽ ഒരു വർഷത്തിന് ശേഷമാണ് വിവാദ ഉത്തരവിന് നടപടി ഉണ്ടാവുന്നത്.
മണിപ്പൂരിനെ കലാപത്തിലേക്ക് നയിച്ച വിവാദ ഉത്തരവിൽ മണിപ്പൂർ ഹൈക്കോടതിയുടെ തിരുത്ത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകൾക്ക് എസ്ടി പദവി നൽകുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. വിധിക്കെതിരെ കുക്കി വിഭാഗക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉത്തരവിലെ വിവാദ ഭാഗം മായ്ചതായി വ്യക്തമായത്. എന്നാൽ ഉത്തരവിലെ ഒരു പാരഗ്രാഫ് മാത്രം നീക്കിയത് കൊണ്ട് യാതൊന്നും സംഭവിക്കില്ലെന്നും ബാക്കി ഭാഗങ്ങളിൽ ഇത് സംബന്ധിച്ച് പറയുന്നുണ്ടല്ലോ എന്നുമാണ് കുക്കി വിഭാഗം പറയുന്നത്.