സാമ്പത്തിക തട്ടിപ്പ് കേസില്‍ പാല എംഎല്‍എ മാണി സി കാപ്പന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ടാണ് മാണി സി കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാണ് മാണി സി കാപ്പനെതിരായ പരാതി. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ഹൈക്കോടതിയും അംഗീകരിക്കുകയായിരുന്നു. കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടിയെന്നായിരുന്നു മാണി സി കാപ്പന്റെ ഹര്‍ജി. എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വലിയ തിരിച്ചടിയാണ് കേസില്‍ മാണി സി കാപ്പന് ഉണ്ടായിരിക്കുന്നത്.