കോഴിക്കോട്: തനിക്കെതിരെ അർജുൻ്റെ കുടുംബം നൽകിയ കേസിൽ പ്രതികരിച്ച് ലോറിയുടമ മനാഫ്. അർജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് താൻ കരുതിയതെന്ന് മനാഫ് പറഞ്ഞു. വിതുമ്പിയാണ് മനാഫ് മാധ്യമങ്ങളോടു സംസാരിച്ചത്.
മനാഫിനെതിരെ അർജുന്റെ സഹോദരി അഞ്ജു പൊലീസിൽ പരാതി നൽകിയിരുന്നു. ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
‘ഞാൻ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്, ഒരിക്കലും മതങ്ങൾ തമ്മിൽ തല്ലിക്കാൻ ശ്രമിച്ചിട്ടില്ല. ഇതുവരെ ഞാൻ അർജുൻ്റെ കുടുംബത്തിനോടൊപ്പം തന്നെയാണ് നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നെ എങ്ങനെ കേസിൽ കുടുക്കിയാലും ഞാൻ അവരുടെ കൂടെ തന്നെയുണ്ടാകും. ഇന്ന് രാവിലെയാണ് എനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞത്. ഇന്നലെ മാപ്പുപറഞ്ഞപ്പോൾ എല്ലാം തീർന്നെന്നാണ് കരുതിയത്.’- മനാഫ് പറഞ്ഞു.