കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഉടമ മനാഫ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അര്‍ജുന്റെ കുടുംബം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം തള്ളിപ്പറയുകയാണെന്നതടക്കം ആരോപിച്ച് സൈബിറടത്തില്‍ വലിയ തോതിലുള്ള അധിക്ഷേപമാണ് അര്‍ജുന്റെ കുടുംബത്തിന് നേരെ നടന്നത്.
സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെയാണ് അര്‍ജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്. അര്‍ജുന്റെ കുടുംബത്തിന്റെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിക്ക് കൈമാറി. ഇന്നലെ മെഡിക്കല്‍ കോളജ് എസിപിയുടെ നിര്‍ദേശപ്രകാരം ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴി എടുക്കും. സോഷ്യല്‍മീഡിയ പേജുകള്‍ പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.