India
സഖ്യത്തിനൊപ്പമില്ല; ‘ഇന്‍ഡ്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പിന്തുണ: മമത ബാനര്‍ജി
ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.
പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പൂര്‍ണ്ണ പിന്തുണയും സഹായവും നല്‍കും. ബംഗാളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും 100 ദിന തൊഴില്‍ പദ്ധതിയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കാത്ത ഒരു സര്‍ക്കാര്‍ പുറത്തുനിന്നുള്ള പിന്തുണയിലൂടെ രൂപീകരിക്കും.
എന്നാല്‍, ‘ഇന്‍ഡ്യ’ സഖ്യത്തില്‍ സിപിഐഎമ്മോ ബംഗാള്‍ കോണ്‍ഗ്രസ്സോ ഉള്‍പ്പെട്ടെന്ന് ഞാന്‍ കണക്കാക്കുന്നില്ല. ഇവിടെ അവര്‍ ബിജെപിക്കൊപ്പമാണ്. താൻ ഡല്‍ഹിയിലെ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മമത ചൂണ്ടിക്കാട്ടി. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മമത പ്രതിപക്ഷ മുന്നണിയായ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. രാജ്യത്ത് നാല് ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് പ്രതിപക്ഷ സഖ്യവുമായുള്ള മമതയുടെ നിലപാടില്‍ അയവു വന്നത്.