കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ, സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സമരക്കാർ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണവും അംഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും മാറ്റി. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിനേയും മാറ്റും.
പ്രതിഷേധം തുടരുന്ന ഡോക്ടർമാരുമായി ആറുമണിക്കൂർ നീണ്ട ചർച്ചയിലാണ് തീരുമാനമെടുത്തത്. യുവ ഡോക്ടറുടെ കുടുംബത്തിന് പണം നൽകാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന കൊൽക്കത്ത നോർത്ത് ഡിസിപിയേയും മാറ്റുമെന്ന് മുഖ്യമന്ത്രി മമത അറിയിച്ചു. യുവഡോക്ടർമാർ മുന്നോട്ടുവെച്ച സിബിഐ അന്വേഷണം നിലവിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിഷേധക്കാരുടെ നാല് ആവശ്യങ്ങളും അംഗീകരിച്ചിരിക്കുകയാണെന്നും, ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.