India

ബലാത്സംഗ കേസുകളിൽ നിയമം കർശനമാക്കണം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമത ബാനർജി

Posted on

കൊൽക്കത്തയിൽ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുപിന്നാലെ ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു. ബലാത്സംഗ കേസുകളിൽ കേന്ദ്ര നിയമം കർശനമാക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തും അയച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി കത്തിന് മറുപടി നൽകിയില്ല.

ഇപ്പോഴിതാ, ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് മമത ബാനർജി. ബലാത്സംഗക്കേസുകളിൽ 15 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷ നൽകുന്നവിധം കർശനമായ കേന്ദ്ര നിയമം കൊണ്ടുവരണമെന്നാണ് കത്തിൽ മമത ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്ര ഗൗരവകരമായ വിഷയമായിട്ടും തന്റെ ആദ്യ കത്തിന് പ്രധാനമന്ത്രിയിൽനിന്നും മറുപടി ലഭിച്ചില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

ബലാത്സംഗ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ 88 അതിവേഗ കോടതികളും 10 പോക്സോ കോടതികളും ബംഗാളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ കോടതികളിൽ സ്ഥിരം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 22 നാണ് പ്രധാനമന്ത്രിക്ക് മമത ആദ്യ കത്ത് അയച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ നിയമനിർമ്മാണം വേണമെന്നും അതിവേഗ കോടതികൾ സ്ഥാപിച്ച് 15 ദിവസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷ നൽകണമെന്നുമാണ് മമത കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version