നിലമ്പൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മലയോര സമരയാത്രയുടെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി വി അൻവർ. പിണറായി വിജയൻ്റെ ഭരണം അഴിമതി നിറഞ്ഞതെന്നും പിണറായിസത്തിൻ്റെ അവസാന ആണി നിലമ്പൂരിൽ നിന്നാകുമെന്നും അൻവർ ആഞ്ഞടിച്ചു.

വനംവകുപ്പിനെതിരെ രൂക്ഷവിമർശനമാണ് അൻവർ ഉന്നയിച്ചത്. കേരളത്തിലെ വന്യജീവി സംഘർഷത്തിൻ്റെ ഗൗരവം അറിയാത്ത രണ്ട് പേരേ കേരളത്തിലുള്ളൂ. അത് വനംമന്ത്രിയും മുഖ്യമന്ത്രിയുമാണ്. കടുവ ഒരു സ്ത്രീയെ കടിച്ചുകൊന്ന സമയത്ത് ഫാഷൻ ഷോയിൽ പാടുന്ന തരത്തിലേക്ക് വനം മന്ത്രി തരംതാണുവെന്നും അൻവർ വിമർശിച്ചു.

വെടിവെച്ച് കൊല്ലാനുള്ള അധികാരം ഉണ്ടായിട്ടും കേരളത്തിലെ സർക്കാർ അത് ചെയ്യുന്നില്ല. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഉത്തരവ് നൽകാൻ ത്രാണിയില്ല. തുടർന്ന് വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ കാര്യം മലയോര മേഖലയാണ് എന്നതും അൻവർ ഓർമിപ്പിച്ചു.

