Kerala
കോളേജിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന് വിദ്യാർത്ഥി നേതാവിനെ പുറത്താക്കി
മലപ്പുറം: കോളേജിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന് മലപ്പുറം എംസിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കിയെന്ന് ആരോപണം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റോഷനെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്. കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ മാനേജ്മെന്റ് അംഗങ്ങളെ ഉപരോധിച്ചു.
പ്രിന്‍സിപ്പലിനോട് കയര്‍ത്തു സംസാരിച്ചെന്നാരോപിച്ചാണ് എം സി ടി ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കെ എസ് യു യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് റോഷനെ കോളേജ് അധികൃതര്‍ പുറത്താക്കിയത്. ഇതിനെതിരെയായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥിക്കെതിരായ നടപടി പിന്‍വലിക്കില്ലെന്ന് നിലപാടെടുത്ത മാനേജ്മെന്റ് അംഗങ്ങളെ രക്ഷിതാക്കള്‍ തടഞ്ഞു.
കോളേജില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തിത് ചോദ്യം ചെയ്തതിനാണ് മുഹമ്മദ് റോഷനെതിരെ നടപടി സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. നിസാര പ്രശ്നങ്ങള്‍ക്ക് പോലും കോളേജ് അധികൃതര്‍ അമിത ഫൈന്‍ ഈടാക്കുകയാണെന്നാണ് ആക്ഷേപമുണ്ട്. നടപടിക്കെതിരെപുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി മുഹമ്മദ് റോഷന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം അപമര്യാദയായി പ്രിന്‍സിപ്പലിനോട് പെരുമാറിയതിനാണ് മുഹമ്മദ് റോഷനെ പുറത്താക്കിയതെന്നും ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.