കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ കെഎസ്‌യുവിനു പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഒരാഴ്ചയായി കോളേജിൽ എസ്എഫ്ഐ ഏകപക്ഷീയ ആക്രമണം അഴിച്ചു വിടുകയാണ്. എസ്എഫ്ഐയുടെ തല്ലു കൊണ്ടവർ തിരിച്ചടിച്ചതായിരിക്കും. സംഘടിത ആക്രമണം ആണ് എസ്എഫ്ഐ അഴിച്ചു വിടുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
എസ്എഫ്ഐ പറയുന്നത് മാത്രമാണ് പൊലീസ് കേൾക്കുന്നതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. പൊലീസിന്റെ നിസംഗതയാണ് ക്യാമ്പസിലെ പ്രശ്നങ്ങൾക്ക് കാരണം. മഹാരാജാസ് കോളേജിൽ അടിയന്തരമായി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഏകപക്ഷീയ ഇടപെടൽ പൊലീസ് അവസാനിപ്പിക്കണം. ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇങ്ങനെ പോയാൽ തങ്ങൾക്ക് പ്രതിരോധിക്കേണ്ടി വരും. കോളേജിലെ വിദ്യാർത്ഥികളെ കൊണ്ട് എസ്എഫ്ഐ ചുടു ചോറ് വാരിക്കുകയാണ്. ഈ നിലപാട് തിരുത്താൻ എസ്എഫ്ഐ തയ്യാറാകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.