Kerala
മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; പ്രതിഷേധം ശക്തമാക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. നിയന്ത്രണങ്ങൾക്ക് വിധേയമായും പൊലീസ് സുരക്ഷയിലുമാണ് കോളേജ് തുറക്കുക. കോളേജിലെ യൂണിയൻ അഡ്വൈസറായ അറബിക് ഡിപ്പാർട്ട്മെന്റിലെ അധ്യാപകൻ ഡോക്ടർ കെ എം നിസാമിനെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്ത് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ്
തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാജാസ് കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്. ഇന്നലെ കോളേജ് അധികൃതരും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പൊലീസും തമ്മിൽ നടന്ന ചർച്ചയിൽ കോളേജ് ഇന്ന് തുറക്കാൻ തീരുമാനിക്കുകയായിരുന്നു. കർശന നിയന്ത്രണങ്ങളോടെയാകും കോളേജ് തുറക്കുക. വൈകിട്ട് ആറു മണിക്ക് കോളേജ് ഗേറ്റ് അടക്കും. കൂടുതൽ സുരക്ഷ ജീവനക്കാരെ നിയമിക്കുകയും സി സി ടി വികൾ സ്ഥാപിക്കുകയും ചെയ്യും.