India
ഗോമൂത്രം കുടിച്ചതിനാൽ അച്ഛന്റെ പനി 15 മിനിറ്റ് കൊണ്ട് ഭേദമായി; വിചിത്ര വാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ
ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന വിചിത്ര വാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ രംഗത്ത്. അച്ഛൻ പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും അങ്ങനെ പനി മാറിയെന്നുമാണ് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടിയുടെ വാദം.
ജനുവരി 15-ന് മാട്ടുപൊങ്കൽ ദിനത്തിൽ ‘ഗോ സംരക്ഷണ ശാല’യിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കാമകോടിയുടെ പരാമർശം. ബാക്ടീരിയേയും ഫംഗസിനേയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും പറഞ്ഞ് കാമകോടി ‘ഗോമൂത്ര’ത്തിൻ്റെ ‘ഔഷധമൂല്യത്തെ’ പ്രകീർത്തിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിദ്യാർഥി സംഘടനയായ ടിഎസ്എഫ് ശാസ്ത്രീയ വിരുദ്ധവും അടിസ്ഥാനരഹിതവുമായ കാമകോടിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ശാസ്ത്രീയമായി ഗോമൂത്രം പശുവിൻ്റെ വിസർജ്യമാണ്. അസുഖമുള്ള പശുവാണെങ്കിൽ ഗോമൂത്രം കുടിക്കുന്നത് മനുഷ്യർക്ക് ദോഷം ചെയ്യും. പശുവിന്റെ മൂത്രത്തിൽ രോഗം പരത്തുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് കുടിച്ചാൽ മനുഷ്യർക്ക് വയറിളക്കം, പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളുണ്ടാകുമെന്നും ജീവന് ഭീഷണിയാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.