Politics
മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്
സിപിഐഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അംഗത്വം എടുക്കാന്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന നേതാക്കള്‍ മുല്ലശ്ശേരി മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും.
ഏരിയ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി എന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മധു മുല്ലശ്ശേരി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയത്. ഇനി സിപിഎമ്മിലേക്കില്ലെന്നും എന്നാല്‍ മറ്റൊരു പാര്‍ട്ടിക്കൊപ്പം പൊതു പ്രവര്‍ത്തനരംഗത്ത് തുടരും എന്നുമായിരുന്നു മധു മുല്ലശ്ശേരി പറഞ്ഞത്.
മുസ്ലീം ലീഗും കോണ്‍ഗ്രസും ബിജെപിയും പി.വി. അന്‍വറിന്റെ ഡിഎംകെയുമടക്കം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഏത് പാര്‍ട്ടിയിലേക്ക് ആണ് താന്‍ പോകുന്നതെന്ന് വൈകാതെ അറിയിക്കുമെന്നും മധു മുല്ലശ്ശേരി അറിയിച്ചിരുന്നു.