Politics

‘വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി; ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി; എംഎ ബേബി

Posted on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും തിരിച്ചടിയായി. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എംഎ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിക്കകത്തെ ദുഷ്പ്രവണതകള്‍ മതിയാക്കണം. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിന്നീട് പിണറായി ശൈലിയായി മാറി. യോഗം തുടങ്ങും മുമ്പ് പുറത്തുപോകാന്‍ സന്നദ്ധരല്ലാതിരുന്ന കാമറാമാന്മാരോട് പുറത്തു പോകാന്‍ പറഞ്ഞതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല. സമൂഹമാധ്യമങ്ങളിലെ മാധ്യമ വിമര്‍ശനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷകരമായി. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തിരിച്ചടിയായി. ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടത് ഓര്‍ക്കണം. എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പിലെ തിരിച്ചടി അതീവഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ. തെരഞ്ഞെടുപ്പിലെ പിന്നോട്ടടികള്‍ മാത്രമല്ല പരിശോധനാവിധേയമാക്കേണ്ടത്. വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീനമേഖലയില്‍ ബഹുജനസ്വാധീനത്തിലും പ്രതികരണ ശേഷിയിലും ആഘാതശക്തിയിലും ഇടിവും ചോര്‍ച്ചയും സംഭവിക്കുന്നുണ്ട്. ഇതിന് ഭരണപരമായ പ്രശ്‌നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാമെന്ന് എംഎ ബേബി ലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version