കൊല്ലം: സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ സിപിഐഎമ്മിലും ആന്തരിക സമരങ്ങള്‍ വേണ്ടിവരുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി.

സ്ത്രീ തുല്യതയെപ്പറ്റി സംസാരിക്കുമ്പോഴും അത് നടപ്പാക്കുന്നതിലുളള കരുതല്‍ നമുക്കുണ്ടാകുന്നില്ലെന്നും യുവാക്കളുടെ അഭിരുചികള്‍ തിരിച്ചറിയാന്‍ പാര്‍ട്ടിക്കാകണമെന്നും എംഎ ബേബി പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം കൊല്ലത്ത് നല്‍കിയ ആദ്യ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ 17 ശതമാനമായിരുന്നു വനിതാപ്രാതിനിധ്യം. അത് വര്‍ധിപ്പിക്കുന്നത് കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നത് 20 ശതമാനമാക്കി ഉയര്‍ത്തി. പുരുഷാധിപത്യ സമൂഹമാണ് നമ്മുടേത്. സ്ത്രീ തുല്യതയെപ്പറ്റി സംസാരിക്കുമ്പോഴും അത് നടപ്പാക്കാനുളള കരുതല്‍ നമുക്കുണ്ടാകുന്നില്ല. യുവാക്കളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് എല്ലാ തലങ്ങളിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരണം’, എംഎ ബേബി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ പാര്‍ട്ടി ശ്രമം തുടരുകയാണെന്നും കേരളത്തില്‍ തുടര്‍ഭരണത്തിന് തുടര്‍ച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

