തിരുവനന്തപുരം: എം വിൻസെൻ്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എംഎൽഎയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പോകും വഴി ഇന്ന് പുലർച്ചെ പ്രാവച്ചമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. വിൻസെന്റ് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റ വിൻസെൻ്റിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വിൻസെന്റിന് ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. കോവളം എംഎൽഎയാണ് വിൻസെന്റ്. സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.