കണ്ണൂര്‍: പാനൂര്‍ ചെറ്റകണ്ടിയിലെ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിട്ടു നിന്നത് കണ്ണൂരില്‍ ഉണ്ടായിരിക്കെ. രണ്ടു ദിവസമായി ജില്ലയിലുള്ള എം വി ഗോവിന്ദന്‍ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ജില്ലയില്‍ ചര്‍ച്ചയാവുന്നു. മരിച്ചവര്‍ രക്തസാക്ഷികള്‍ തന്നെയെന്ന് നേതാക്കളെല്ലാം ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി എന്തുകൊണ്ട് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു എന്നാണ് ഉയരുന്ന ചോദ്യം.
ചെറ്റകണ്ടി രക്തസാക്ഷി സ്മാരക മന്ദിരം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രചരണ ബോര്‍ഡുകളിലും ബാനറിലും സ്മാരക മന്ദിരത്തിന്റെ ശിലാഫലകത്തിലും ഉണ്ടായിരുന്നത്. പക്ഷെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജനാണ്. ഉദ്ഘാടകനായി നിശ്ചയിച്ച പാര്‍ട്ടി സെക്രട്ടറി എന്തുകൊണ്ട് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തില്ല എന്നതാണ് ഉയരുന്ന ചോദ്യം.
2015 ജൂണ്‍ ആറിന് ബോംബ് നിര്‍മ്മാണത്തിനിടെ ഈ രണ്ടു യുവാക്കള്‍ മരിച്ചതിന് പിന്നാലെ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തെ തള്ളി പറഞ്ഞിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങിയതും പാര്‍ട്ടി പതാക പുതപ്പിച്ചതും അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനായിരുന്നു. പാനൂര്‍ മുളിയാതോട് ബോംബ് സ്‌ഫോടനത്തെയും സ്മാരക നിര്‍മാണത്തെയും ചേര്‍ത്ത് പ്രതിപക്ഷം വിമര്‍ശനത്തിന് മൂര്‍ച്ച കൂട്ടുകയാണ്. സിപിഐഎം ക്രിമിനലുകള്‍ക്ക് ഒത്താശ നല്‍കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.