തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്.

ജോലിക്കുവേണ്ടി കാത്തിരിക്കുന്ന യുവതികളുടെ സങ്കടം ഡിവൈഎഫ്ഐ കണ്ടില്ലെന്നും സംഘടന പിരിച്ചുവിടണമെന്നും എം ടി രമേശ് പറഞ്ഞു. യുവജന വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അത് കമ്മ്യൂണിസ്റ്റ് മനോഭാവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത് വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെയും ആശാവര്‍ക്കര്‍മാരുടെയും കണ്ണുനീരിലാണ്. വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് പരിചയമില്ലാത്ത സമരമുറകളാണ് നടത്തിയത്. എന്നിട്ടും സര്‍ക്കാര്‍ അവരോട് ക്രൂര സമീപനം നടത്തി. സ്വകാര്യ കമ്പനിയിലേക്ക് ജോലിക്കുപോകാനാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടത്. ആശാവര്‍ക്കര്‍മാരുടെ സമരത്തിനോടും സര്‍ക്കാര്‍ മുഖംതിരിച്ചു. യുവജനങ്ങളോട് മാപ്പുപറഞ്ഞാകണം സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കേണ്ടത്’- എംടി രമേശ് പറഞ്ഞു. ലഹരി മാഫിയകളോട് സര്‍ക്കാരിന് മൃദുസമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

