തൃശ്ശൂര്‍: പ്രകടമായ ഹിംസയേക്കാൾ ആന്തരിക ഹിംസയെ ബിജെപി വളർത്തുന്നുവെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ ആണ് ഇത്തരം ഹിംസ നടപ്പാക്കുന്നതെന്നും എം മുകുന്ദൻ. വീട് വാടകയ്ക്ക് നല്‍കാനുള്ള വിമുഖതയും വഴിനടക്കുമ്പോഴുള്ള ചോദ്യംചെയ്യലുകളുമെല്ലാം ഇത്തരം ഹിംസക്ക് ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ ‘എഴുത്തുകാരുടെ ദേശം’ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എണ്‍പതുകളിലാണ് ഡല്‍ഹിയില്‍ ഹിംസ വര്‍ധിക്കുന്നത്. തൊട്ടുമുന്‍പ് നാട്ടിന്‍പുറംപോലെയായിരുന്ന ഡല്‍ഹിയുടെ സ്വഭാവം മാറി. ആംആദ്മി പാര്‍ട്ടി വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് നിരാശയായി.
താമസിച്ചത് ഏറെയും നഗരത്തിലാണെങ്കിലും തന്റെയുള്ളില്‍ ഗ്രാമമാണുള്ളത്. ഇതു നശിച്ചാല്‍ എഴുത്തുണ്ടാകില്ല. ഒരാള്‍ക്ക് ചിലപ്പോള്‍ പല ദേശങ്ങളുണ്ടാകാം. മയ്യഴിയും ഡല്‍ഹിയുമാണ് തന്റെ ദേശങ്ങള്‍. തന്റെയുള്ളില്‍ എഴുതാത്ത പല നോവലുകളും സങ്കടപ്പെട്ടു കരയുന്നുണ്ട്. ചിലത് ക്ഷുഭിതരാകുന്നുമുണ്ട്. നോവലുകള്‍ പതിയെ രൂപപ്പെട്ടുവരണം. പെട്ടെന്ന് എഴുതാനാകില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നും പക്ഷേ, ആരു നടപ്പാക്കുന്നുവെന്നതാണ് പ്രധാന പ്രശ്‌നമെന്നും പരിപാടിയില്‍ പങ്കെടുത്ത അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.