കൊച്ചി: ലൈംഗിക പീഡനാരോപണം നിഷേധിച്ചുകൊണ്ടുള്ള മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്റെ ആരോപണം നിഷേധിച്ച മിനു മുനീര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്കാൻ മുകേഷ് സംവിധായകൻ ഒന്നും അല്ലലോയെന്നും മിനു മുനീര്‍ ചോദിച്ചു.തന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി. മുകേഷിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ അന്ന് തന്നെ പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ലെ എന്നും മിനു മുനീര്‍ പറഞ്ഞു.
എന്താണ് പരാതി നല്കാൻ മുകേഷ് വൈകിയത്?. മുകേഷ് പറയുന്നതെല്ലാം കള്ളമാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മിനു മുനീര്‍ പറഞ്ഞു.