Kerala

അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് എംഎം മണി; വിവാദ പ്രസംഗം

Posted on

വണ്‍ ടു ത്രീ വിവാദ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ കിടന്നതൊന്നും എംഎം മണിയെന്ന സിപിഎം നേതാവില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. തന്റെ പതിവ് ശൈലിയിലുള്ള പ്രകോപനപരമായ പ്രസംഗവുമായി മണി സജീവമാവുകയാണ്. ഇത്തവണ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനം ഉണ്ടാകില്ലെന്നുമാണ് നേതാവിന്റെ പ്രസംഗം.

ഇടുക്കി ശാന്തന്‍പാറയില്‍ സി.പി.എം. ഏരിയാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സഖാള്‍ക്കായി നേതാവിന്റെ തിരിച്ചടിക്കാനുള്ള ഉപദേശം. പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടിച്ചാല്‍ തിരിച്ചടിക്കണം എന്നിട്ട് നന്നായി എന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കണമെന്ന് മണി പ്രസംഗിച്ചു. താനടക്കം നേരിട്ട് നിന്ന് തല്ലിയിട്ടുണ്ടെന്നും പറഞ്ഞാണ് നേതാവ് അണികളെ ആവേശത്തിലാക്കിയത്.

” അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. ഞാനൊക്കെ നേരിട്ടടിച്ചിട്ടുണ്ട്. ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം” മണി പ്രസംഗിച്ചു.

2012 മേയ് 25ന് മണക്കാട്ടെ വിവാദ വണ്‍, ടൂ, ത്രീ… പ്രസംഗത്തിന്റെ പേരില്‍ മണി ജയിലായിരുന്നു. “ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി… …വണ്‍, ടൂ, ത്രീ… ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു”. ഇങ്ങനെയായിരുന്നു അന്നത്തെ വിവാദപ്രസംഗം. ഈ പ്രസംഗത്തില്‍ പരാമര്‍ശിച്ച ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ വധക്കേസുകളില്‍ മണി ഇപ്പോഴും പ്രതിസ്ഥാനത്താണ്. ഇതില്‍ ബേബി അഞ്ചേരി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version