Kerala

പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലും, അങ്ങനെ മാറാൻ പറ്റില്ല; എം.എം.മണി

Posted on

ഇടുക്കി: ദേവികുളം മുൻ എംഎൽഎ, എസ്.രാജേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമര്‍ശനത്തിൽ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അങ്ങനെ മാറാൻ പറ്റില്ല. ഓരോരുത്തര്‍ക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമര്‍ശിക്കുന്നില്ലേയെന്ന് ചോദിച്ചു.

താൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിലെടുത്തതെന്നും പറഞ്ഞ മണി, രാജേന്ദ്രൻ അത് മറന്നതു കൊണ്ടാണ് പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നതെന്നും വിമര്‍ശിച്ചു. പാര്‍ട്ടി നൽകിയത് എല്ലാം മറന്ന് പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ അതിനെ പിതൃരഹിത പ്രവർത്തനം എന്നാണ് പറയുക. അത് രാജേന്ദ്രനല്ല താൻ ചെയ്താലും മറ്റാര് ചെയ്താലും അങ്ങനെ തന്നെയാണ്. എസ് രാജേന്ദ്രൻ പാർട്ടിവിട്ട് പോകില്ലെന്നാണ് കരുതുന്നതെന്നും  പറഞ്ഞു.

അതേസമയം ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി എം.എം.മണി വ്യക്തമാക്കി. വാക്കിന്‍റെ അർത്ഥമറിഞ്ഞ് തന്നെയാണ് വിമർശിച്ചത്. പ്രസംഗത്തിൽ ഖേദമില്ല, അതിൽ തിരുത്താനുമില്ല, തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കിൽ കേസ് എടുക്കാം. കേസിനെ ഭയക്കുന്നില്ല. കേസെടുത്താൽ നിയമപരമായി നേരിടുമെന്നും എം.എം.മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version