പത്മഭൂഷൺ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്മരണ നിലനിർത്തുന്നതിനായി മാരാമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്മഭൂഷൺ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് എം. എ ബേബിയെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ബിഷപ്പ് ഡോ തോമസ് മാർ തീത്തുസ്, ഡോ. മാത്യു കോശി പുന്നക്കാട്; ചെറിയാൻ സി. ജോൺ, കൺവീനർ രാജൻ വർഗ്ഗീസ്,എന്നിവരടങ്ങിയ സമിതിയാണ് പ്രഥമ പുരസ്കാരത്തിന് എം. എ ബേബിയെ തിരഞ്ഞെടുത്തത്. 2025 ഏപ്രിൽ 24ാം തീയതി മാരാമൺ ചേരുന്ന യോഗത്തിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും അതോടൊപ്പം ഫൗണ്ടേഷന്റെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.

ക്രിസോസ്റ്റം തിരുമേനിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ശ്രീ എം എ ബേബി. അദ്ദേഹം ‘ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത’ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഇംഗ്ലീഷ് രചനയായ ‘ക്രൈസ്റ്റ്, മാർക്സ്, ശ്രീനാരായണഗുരു എന്ന പുസ്തകവും തിരുമേനിയുമായുള്ള സംഭാഷണത്തിൽ എം എ ബേബി രചിച്ചതാണ്.

