കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഏഴ് മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്നദ്ധതയറിച്ചു. പി സി ജോര്‍ജിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം വിയോജിപ്പറിയിച്ചിട്ടുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാകുമെന്നാണ് സൂചന. മന്ത്രിയുടെ സന്നദ്ധത പാര്‍ട്ടി ഉറപ്പാക്കി കഴിഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്.
പാര്‍ട്ടിയില്‍ ലയിച്ച ജനപക്ഷം നേതാവിന് മുന്നില്‍ ദേശീയ നേതൃത്വം വച്ച വാഗ്ദാനങ്ങളിലൊന്ന് പത്തനംതിട്ട സീറ്റായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പറിയിച്ചിട്ടുണ്ട്. എന്‍എസ്എസിന് സ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍ സ്ഥാനാര്‍ത്ഥിയെന്ന സമവാക്യമാണ് സംസ്ഥാന ഘടകം മുന്നോട്ടുവയ്ക്കുന്നത്. പത്തനംതിട്ട സീറ്റിന് പകരം പി സി ജോര്‍ജിന് പാര്‍ട്ടി ഭാരവാഹിത്വം നല്‍കാമെന്നാണ് സംസ്ഥാനഘടകത്തിന്റെ നിലപാട്. കോഴിക്കോട് എം ടി രമേശും പാലക്കാട് പി കെ കൃഷ്ണദാസും പട്ടികയിലുണ്ട്. വയനാട് അല്ലെങ്കില്‍ കോഴിക്കോട് ശോഭ സുരേന്ദ്രനും പരിഗണനയിലുണ്ട്.