തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സീറ്റ് വിഭജനം ചർച്ച ചെയ്യാൻ എൻ.ഡി.എയുടെ യോഗം ഇന്ന്. എൻ.ഡി.എ ചെയർമാൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ചാണ് യോഗം ചേരുക.
ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് എത്ര സീറ്റ് നൽകണമെന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനമായും നടക്കുക. നിലവിൽ നാല് സീറ്റ് നൽകാമെന്നാണ് ധാരണ. എന്നാൽ അഞ്ച് സീറ്റ് വേണമെന്ന ആവശ്യമാണ് ബി.ഡി.ജെ.എസ് മുന്നോട്ട് വെച്ചിരിക്കുന്നത്.
കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര സീറ്റുകളാണ് നൽകാൻ ധാരണയായത്. ഇതിൽ കോട്ടയത്ത് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബി.ഡി.ജെ.എസ് നിലപാടിൽ ഉറച്ചുനിന്നാൽ വടകര കൊടുക്കാമെന്ന ആലോചനയും ബി.ജെ.പിയിൽ നടക്കുന്നുണ്ട്.