ന്യൂഡൽഹി: ഫെബ്രുവരി 9 ന് നടന്ന സമ്മേളനത്തോടെ 17ാം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് മൗനം പാലിച്ചത് ഒമ്പത് എം പിമാര്‍. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും, ശത്രുഘ്നൻ സിൻഹയും ഉൾപ്പെടെയുള്ള ഒമ്പത് എംപിമാരും സഭയിൽ സംസാരിക്കുകയോ ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.
ചർച്ചയിൽ പങ്കെടുക്കാത്ത ഒമ്പതു പേരില്‍ സണ്ണി ഡിയോള്‍ (ഗുരുദാസ്പൂർ, പഞ്ചാബ്) ഉള്‍പ്പടെ ആറുപേരും ബിജെപി അംഗങ്ങളാണ്. ശത്രുഘ്‌നൻ സിൻഹ (അസൻസോൾ, വെസ്റ്റ് ബംഗാൾ) ഉള്‍പ്പെടെ രണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉളളവരാണ്. കർണാടകയില്‍ നിന്നുള്ള എസ്‌സി അംഗം രമേഷ് ചന്ദപ്പ ജിഗജിനാഗി, അതുല്‍കുമാര്‍ സിങ് (ഘോസി, യുപി), ദിവ്യേന്ദു അധികാരി (തംലുക്ക്, വെസ്റ്റ് ബംഗാൾ), ബി എന്‍ ബച്ചെഗൗഡ (ചിക്കബെല്ലാപൂർ, കർണാടക), പ്രധാന്‍ ബറുവ (ലഖിംപൂർ, അസം), അനന്ത്കുമാര്‍ ഹെഗ്ഡെ (ഉത്തര കന്നഡ, കർണാടക), വി ശ്രീനിവാസപ്രസാദ് (ചാമരാജനഗർ എസ്‌സി, കർണാടക) എന്നിവരാണ് മറ്റുള്ളവര്‍.