പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം അത്ര എളുപ്പമായിരിക്കില്ലെന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളുടേയും ഡിസിസി നേതൃത്വത്തോട് ആതൃപ്തിയുള്ള നേതാക്കളുടേയും വിലയിരുത്തൽ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും എന്നാണ് സിറ്റിങ്ങ് എംപി ആൻ്റോ ആൻ്റണിയുടെ നിലപാട്. കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് ഡിസിസി നേതൃത്വവും അവകാശപ്പെടുന്നു.
സീറ്റ് ലഭിച്ചാൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ്ങ് എംപി ആൻ്റോ ആൻ്റണിയുടെ നാലാമൂഴമാകും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തന്നെയാണ് ആൻ്റോ ആൻ്റണിയുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസും യുഡിഎഫും സജ്ജമാണെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നുമാണ് ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ അവകാശപ്പെടുന്നത്.
ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം അത്ര എളുപ്പമാകില്ല എന്നാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാക്കളുടെ വിലയിരുത്തൽ. താഴേത്തട്ടിൽ പ്രവർത്തകരില്ല. ഡിഡിഡി നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉള്ള നേതാക്കളെയെല്ലാം ഡിസിസി പ്രസിഡൻ്റ് ഇടപെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും കലഞ്ഞൂർ ഗ്രാമ പഞ്ചായത്തംഗവുമായ എസ് പി സജൻ പറഞ്ഞു.