Kerala

ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ തന്നെ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ തന്നെ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരള ഗവർണർ സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടുമാത്രമാണ് രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നതെന്നും ഗവർണർ തന്റെ തെറ്റ് അംഗീകരിച്ച് നിലപാട് സ്വീകരിക്കണമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

യഥാർത്ഥത്തിൽ ഇത് നേരത്തെ തന്നെ ലഭിക്കേണ്ടതായിരുന്നു. കേരള ഗവർണർ സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടാണ് ആ ഭേദഗതി രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നത്, ഇപ്പോൾ രാഷ്ട്രപതി തന്നെ അംഗീകരിച്ചു. ഇത് കേരള ഗവർണർ കാണിച്ചുകൊണ്ടിരിക്കുന്ന തെറ്റായ സമീപനത്തെ ഒന്നുകൂടി ജനങ്ങളുടെ മുൻപാകെ തുറന്നുകാട്ടുന്നതാണ്. ലോക്പാൽ ബില്ലുമായി ഒത്തു പോകുന്ന ഒന്നായാണ് ഈ ബില്ല് ലോക്സഭയിൽ വന്നത്. അത്തരത്തിലുള്ള ഒരു നിയമത്തെ എന്തിനാണ് ഇത്രയും പിടിച്ചുവെച്ചതെന്നും ഇപി ചോദിച്ചു.

‘തികച്ചും രാഷ്ട്രീയ താത്പര്യങ്ങൾ വെച്ചുകൊണ്ട് കേരള ഭരണരംഗത്തെയും കേരള സർക്കാരിന്റെ നിലപാടിനെയും ദുർബലമാക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം ശ്രമിച്ചത്. ഈ വന്നിരിക്കുന്ന തെറ്റുകൾക്ക് കാരണക്കാരനായിട്ടുള്ള ഗവർണർ തെറ്റ് സ്വയം ഏറ്റെടുത്ത് നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതാണ്. ഇങ്ങനെയൊരു ഗവർണർ പ്രവർത്തിക്കുന്നത് തന്നെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനും അതിന്റെ സത്ഗുണങ്ങൾക്കും ദോഷകരമാണ് എന്ന് തെളിയിക്കുന്നതാണിത്’, ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top