Kerala
കുവൈറ്റ് ദുരന്തം: ലോകകേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദക്ഷിണ കുവൈറ്റിലെ മംഗഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. “ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ മാറ്റിവെയ്ക്കണമെന്ന്” ചെന്നിത്തല സർക്കാരിനോട് ആവശ്യപെട്ടു.
103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 351 അംഗങ്ങള്‍ പങ്കെടുക്കുന്ന ലോക കേരള സഭ നാളെയാണ് ആരംഭിക്കുന്നത്. അതേസമയം കുവൈറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിര സഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചിരുന്നു.
അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എത്ര മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ക്കായി ശ്രമിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.